മുംബൈ: പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യദിനത്തിലെ വ്യോമാക്രമണത്തിൽ ഇന്ത്യ സന്പൂർണമായി പരാജയപ്പെട്ടെന്ന വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി പൃഥ്വിരാജ് ചവാൻ.
രാഷ്ട്രീയമേഖലയിൽനിന്നുൾപ്പെടെ വ്യാപകവിമർശനം ഉയർന്നെങ്കിലും ക്ഷമ പറയാനുമില്ലെന്നു പൂനയിൽ ഒരു പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം.
കഴിഞ്ഞ ഏപ്രിലിൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിനെത്തുടർന്ന് പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരേ ഇന്ത്യ നടത്തിയ സൈനികനടപടിയെക്കുറിച്ചായിരുന്നു വിവാദപരാമർശം. നിങ്ങൾക്കു വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.
ആദ്യദിനത്തിൽ അരമണിക്കൂറിനുള്ളിൽ ഇന്ത്യൻ വിമാനങ്ങളെല്ലാം തിരിച്ചിറക്കി. ഒരെണ്ണംപോലും ആക്രമണത്തിനു പോയിട്ടില്ല, അതു ഗ്വാളിയറിൽ നിന്നായാലും ഭട്ടിൻഡയിൽനിന്നായാലും സിർസയിൽനിന്നായാലും-ചവാൻ പറഞ്ഞു.